തൃശൂർ: ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ഗായിക സുജാത. ചെറുപ്പത്തിൽ തന്നെ ക്ഷേത്രത്തിൽ ആദ്യമായി പാടിപ്പിച്ചത് ജയൻ ചേട്ടനാണെന്നും തന്നെ സ്റ്റേജിലേക്ക് എടുത്തുകയറ്റിയത് അദ്ദേഹമാണെന്നും സുജാത പറഞ്ഞു. സംഗീത നാടക അക്കാദമിയിലെത്തി, പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഓർമകൾ പങ്കുവച്ചത്.
“ഗായകൻ എന്ന നിലയിൽ സ്വന്തം കരിയർ മാത്രം നോക്കി മുന്നോട്ട് പോകുന്ന ആളായിരുന്നില്ല ജയൻ ചേട്ടൻ. പാട്ടുകളെ ഒരുപാട് സ്നേഹിച്ചിരുന്നു. ആര് പാടിയ പാട്ടാണങ്കിലും അദ്ദേഹം ആ പാട്ടുകളെ ഏറെ സ്നേഹിച്ചിരുന്നു.
അദ്ദേഹം ഒരു സദസിലുണ്ടെങ്കിൽ ഭയങ്കര രസമാണ്. പുറത്ത് വലിയ കർക്കശക്കാരനാണെങ്കിലും വെറും പാവമാണ്. അദ്ദേഹം യാത്രയായിരിക്കുന്നു. മനസിൽ എപ്പോഴും ഉണ്ടാവും.
ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും കാണിക്കുന്ന സ്വഭാവമല്ല അദ്ദേഹത്തിന്റേത്. മനസിൽ എന്തുണ്ടെങ്കിലും അത് അങ്ങനെ തന്നെ പുറത്തുകാണിക്കും. നല്ലതിനെ നല്ലതെന്നും മോശമാണെങ്കിൽ മോശമെന്നും അദ്ദേഹം തുറന്നുപറയും.
സുശീലാമ്മയുടെ ഒരു ഭക്തനാണ് ജയൻ ചേട്ടൻ. ജയൻ ചേട്ടന്റെ പാട്ടുകൾ പോലും അദ്ദേഹത്തിന് അറിയില്ലായിരിക്കും. പക്ഷേ, സുശീലാമ്മയുടെ പാട്ടുകൾ സുശീലമ്മയേക്കാൾ അദ്ദേഹത്തിനാണ് അറിയാവുന്നത്. എല്ലാ പാട്ടുകളുടെയും വരികൾ കാണാപാഠമാണെന്നും” സുജാത പറഞ്ഞു.