വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്ത ദേഷ്യത്തിൽ അഡ്മിനെ വെടിവച്ചു കൊന്നു. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലാണ് ഞെട്ടിക്കുന്ന സംഭവം. പെഷവാറിന്റെ പ്രാന്തപ്രദേശത്ത് മാർച്ച് 7 നാണ് കൊലപാതകം നടന്നതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ച മുഷ്താഖ് അഹമ്മദ് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു. അഭിപ്രായവ്യത്യാസം കാരണം അഷ്ഫാഖ് ഖാനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയി.
വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് അഷ്ഫാഖും ചേട്ടനും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായി കൊല്ലപ്പെട്ട മുഷ്താഖിന്റെ സഹോദരൻ അറബ് ന്യൂസി’നോട് പറഞ്ഞു. സഹോദരന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരു വിഭാഗവും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് അഷ്ഫാഖ് വെടിയുതിർക്കുകയും മുഷ്താഖ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ട്. .
വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കൊലപാതകം സോഷ്യൽ മീഡിയയിലും വലിയ ചർച്ചായായി. ചെറിയ കാര്യങ്ങൾക്ക് പോലും ആളുകൾ കൊല്ലാൻ തുടങ്ങിയിരിക്കുന്നു, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്തതിന് കൊലപാതകം നടത്താൻ മാത്രം ഡിജിറ്റൽ ഭ്രാന്തന്മാരായി ആളുകൾ മാറി, തുടങ്ങിയ പ്രതികരണങ്ങളാണ് സൈബർ ലോകത്ത് നിന്നും ഉയർന്ന് കേൾക്കുന്നത്.















