കോഴിക്കോട്: നിഖാബ് ധരിക്കാത്തതിന്റെ പേരിൽ യുവതിക്കും കുടുംബത്തിനും നേരെ സൈബറാക്രമണം. കക്കൂർ സ്വദേശിനിയായ യുവതിയുടെയും മക്കളുടെയും ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമസ്തയിലെ എപി വിഭാഗമാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. യുവതിയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലാണ് വിമർശിക്കുന്നത്.
യുവതിയെയും മക്കളെയും പിന്തുടർന്നാണ് ചിലർ ചിത്രങ്ങളും വീഡിയോകളും പകർത്തി പ്രചരിപ്പിക്കുന്നത്. സമസ്ത എപി വിഭാഗത്തിലെ മുതിർന്ന മതപണ്ഡിതന്മാരും യുവതിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപപരാമർശം നടത്തുന്നുവെന്ന് കുടുംബം പറഞ്ഞു. മതനിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവർ വിമർശിക്കുന്നത്.
യുവതിയുടെ കൈവശുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.















