ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സൈന്യത്തിന്റെ നിർണായക ദൗത്യം ഓപ്പറേഷൻ സിന്ദൂറിലുണ്ടായ പ്രധാന സംഭവകളുടെ വീഡിയോ പങ്കുവച്ച് ഇന്ത്യൻ സൈന്യം. പഹൽഗാമിൽ നടന്ന ആക്രമണത്തിന് പ്രതികാരമായി നടത്തിയ സൈനിക നടപടിയിൽ ലക്ഷ്യമിട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് ആക്രമണം നടത്തിയതെന്നും കൂടുതൽ വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാൻഡാണ് വീഡിയോ പുറത്തുവിട്ടത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം വെടിനിർത്തൽ കരാർ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ഭീകരകേന്ദ്രങ്ങളിൽ കൃത്യമായി ആക്രമണം നടത്തി. പഹൽഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കി. സമാധാനത്തിനുള്ള നമ്മുടെ പരിശ്രമത്തെയാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് നോർത്തേൺ കമാൻഡ് എക്‌സിൽ കുറിച്ചു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക് ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെ കുറിച്ച് വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായുടെ പരാമർശവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോയിൽ മുതിർന്ന ഉദ്യോഗസ്ഥൻ സംസാരിക്കുന്നത് കേൾക്കാം.
മെയ് ഏഴിന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ മണ്ണിൽ കയറി ആക്രമണം നടത്തിയത്. കൃത്യമായ ആസൂത്രണം ചെയ്ത് സൈന്യം ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തി. പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞു. കൂടാതെ നൂറിലധികം ഭീകരരെയും ഇല്ലാതാക്കി. നിരവധി പാക് സൈനിക കേന്ദ്രങ്ങളും സൈന്യം തകർത്തു.















