ന്യൂഡൽഹി: ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്‌ക്ക് അർഹതപ്പെട്ട ട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലാണ് മൊഹ്സിൻ ക്ഷമാപണം നടത്തിയത്. ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതിഗതികൾ മോശമായതിൽ മൊഹ്സിൻ ഖേദം പ്രകടിപ്പിച്ചു.
ഇന്ത്യൻ ടീമിന് ട്രോഫി നൽകാതെ ഹോട്ടൽ മുറിയിലേക്ക് പോയ മൊഹസിന്റെ പെരുമാറ്റത്തെ ബിസിസിഐ ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസമാണ് വിഷയത്തിൽ എസിസി യോഗം വിളിച്ചുചേർത്തത്. ഏഷ്യാകപ്പ് ട്രോഫി എസിസിയുടേതാണെന്നും അതിൽ പിസിബി മേധാവിക്ക് യാതൊരു അവകാശവുമില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ഏഷ്യാകപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിന് ട്രോഫി ഔദ്യോഗികമായി കൈമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസിസി ചെയർമാനിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് തങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു. മൊഹ്സിന് ട്രോഫിയും മെഡലുകളും കൊണ്ടുപോകാനുള്ള അവകാശമില്ല. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലേക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൈകിയ പറഞ്ഞു.
എന്നാൽ, ബിസിസിഐയോട് ക്ഷമാപണം നടത്തിയെങ്കിലും മൊഹ്സീൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. പാക് ടീം തോറ്റതിന്റെയും ട്രോഫി വാങ്ങാത്തതിന്റെയും അരിശത്തിലാണ് പാക് ആഭ്യന്തരമന്ത്രി ട്രോഫിയുമായി കടന്നതെന്ന് വ്യക്തമാണ്.















