ന്യൂ ഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ആർ എസ് എസിന്റെ ചരിത്രവും പാഠ്യവിഷയമാകും. സ്വാതന്ത്ര്യ സമര സേനാനികളെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍എസ്എസിനെ കുറിച്ചും പഠിപ്പിക്കുന്നത്. “രാഷ്‌ട്ര നീതി” എന്ന പാഠ്യപദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ ആര്‍എസ്എസിനെ കുറിച്ച് പഠിപ്പിക്കുന്നത്. ‘ അൺസങ് ഹീറോസ് ‘ എന്ന പേരിലാണ് ഈ ഭാഗം ഉൾപ്പെടുത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രി ആഷിദ് സൂദ് പറഞ്ഞു .
പ്രത്യയശാസ്ത്രം, സാമൂഹ്യസേവനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക്, കൊവിഡ് മഹാമാരിയും ബിഹാര്‍ കേദര്‍നാഥ് ഉള്‍പ്പെടെയുണ്ടായ പ്രളയങ്ങളില്‍ ആര്‍എസ്എസ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പഠിക്കാനുള്ളത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ആര്‍എസ്എസുമായി ബന്ധപ്പെട്ട നേതാക്കളുടെ സംഭാവനകളും പാഠ്യപദ്ധതിയിലുണ്ട്.
ശ്യാമ പ്രസാദ് മുഖര്‍ജി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്ര ബോസ് എന്നിവരോടൊപ്പമാണ് സവര്‍ക്കറുടെ പാഠഭാഗം പഠിക്കാനുള്ളത്.
മുഖ്യമന്ത്രി രേഖ ഗുപ്തയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് കഴിഞ്ഞ മാസം 18ന് നമോ വിദ്യ ഉത്സവ് ദിനത്തിലാണ് കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ 12ാം ക്ലാസ് വരെയുള്ള ഡല്‍ഹിയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ‘രാഷ്‌ട്രനീതി’ പരിപാടി അവതരിപ്പിച്ചത്.
ഈ പുതിയ പാഠ്യപദ്ധതി അനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഹാൻഡ്‌ബുക്കുകൾ നൽകിയിട്ടുണ്ട്, കൂടാതെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT) പരിശീലന സെഷനുകൾ നടത്തുന്നുമുണ്ട്.















