ന്യൂഡൽഹി: 5 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കും. ഒക്ടോബർ 26 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. തുടർന്ന് വിമാനസർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ഇരുരാജ്യങ്ങളുടെയും സിവിൽ ഏവിയേഷൻ അധികാരികൾ ചർച്ച നടത്തിയിരുന്നു. നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ചൈനയിലെ മെയിലാൻഡിലേക്ക് ഇൻഡിഗോ വിമാനം സർവീസ് നടത്തും.
ഡൽഹിയിൽ നിന്ന് ഗ്വാങ്ഷൂവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് എയർലൈൻ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിനും ബിസിനസ് പങ്കാളിത്തത്തിനും വിനോദസഞ്ചാരമേഖല പ്രോത്സാഹിപ്പിക്കുന്നതിനും ഇൻഡിഗോയുടെ എയർബസ് നിയോ വിമാനങ്ങൾ ഉപയോഗിക്കുമെന്നാണ് വിവരം.
സിവിൽ ഏവിയേഷൻ അതോറിറ്റികൾ തമ്മിലുള്ള കരാർ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കും. കഴിഞ്ഞമാസം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചിരുന്നു.















