പത്തനംതിട്ട: ജ്വല്ലറിയിൽ നിന്നും 65 കാരി അതിവിദഗ്ധമായി സ്വർണം മോഷ്ടിച്ചു. ദൃശ്യം പുറത്തായതോടെ മക്കൾ ഇടപെട്ട് സ്വർണം തിരിച്ച് നൽകി സംഗതി ഒത്തുതീർപ്പാക്കി. പത്തനംതിട്ട ഏനാത്താണ് പൊലീസ് കേസിന്റെ വക്കോളമെത്തിയ സംഭവം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് 65 കാരി ജ്വല്ലറിയിൽ എത്തിയത്. ഈ സമയത്ത് കടയിൽ സാമാന്യം തിരക്കുണ്ടായിരുന്നു. മോതിരം വേണം എന്ന് ജീവനക്കാരനോട് പറഞ്ഞു. പല തൂക്കത്തിലും ഡിസൈനിലുള്ള മോതിരങ്ങൾ ജീവനക്കാർ കാണിച്ചു കൊടുത്തു. ഇതിനിടെ നാല് ഗ്രാം തൂക്കം വരുന്ന മോതിരം ഇവർ കൈക്കലാക്കി. പകരം സ്വന്തം പക്കലുണ്ടായിരുന്ന ഒരു ഗ്രാം തൂക്കമുള്ള മോതിരം തൽസ്ഥാനത്ത് വെക്കുകയും ചെയ്തു. മോഷണത്തിന് ശേഷം ഒരു ഗ്രാം തൂക്കമുള്ള ഒരു മോതിരം പണം കൊടുത്തു വാങ്ങിയ ശേഷമാണ് ഇവർ ജ്വല്ലറി വിട്ടത്. മോതിരത്തിന്റെ എണ്ണത്തിൽ കുറവ് വരത്താതിനാൽ ആദ്യം തട്ടിപ്പ് ജ്വല്ലറി അധികൃതർ തിരിച്ചറിഞ്ഞില്ല.
എന്നാൽ വൈകുന്നരത്തോടെ പുത്തൻ ആഭരണത്തിന്റെ കൂട്ടത്തിലുള്ള ഉപയോഗിച്ച് തിളക്കം കുറഞ്ഞ മോതിരം ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. മറ്റേതോ ജ്വല്ലറിയുടെ സീലോടു കൂടിയ ആഭരണമാണെന്ന് കണ്ടെത്തിയതോടെ സിസിടിവി പരിശോധിച്ചു. 65 കാരിയുടെ അതിവിദഗ്ധ മോഷണം മറ്റാരും കണ്ടില്ലെങ്കിലും ക്യാമറ അത് വ്യക്തമായി ഒപ്പിയെടുത്തിരുന്നു.
തുടർന്ന് ജ്വല്ലറി ഉടമ പൊലീസിൽ വിവരം അറിയിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ദൃശ്യം 65 കാരിയുടെ മക്കളുടെ ഫോണിലും ദൃശ്യങ്ങൾ എത്തി. അവർ ജ്വല്ലറി ഉടമയുടെ വിളിച്ച് മോതിരം തിരികെ എത്തിക്കാമെന്നും കേസ് ആക്കരുതെന്നും അപേക്ഷിക്കുകയായിരുന്നു..















