പട്ന: ബിഹാറിൽ എൻഡിഎ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് എൻഡിഎയുടെ പ്രകടന പത്രികയെന്നും ബിഹാറിന്റെ സമഗ്രവികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
“ബിഹാറിൽ മികച്ച ഭരണം കാഴ്ചവയ്‌ക്കാനും ജനങ്ങളുടെ സമൃദ്ധി ഉറപ്പാക്കാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം എൻഡിഎ മുന്നണിയെ പൂർണമായും പിന്തുണയ്‌ക്കുമെന്ന് ഉറപ്പുണ്ടെന്നും” പ്രധാനമന്ത്രി പറഞ്ഞു.
വൻ വാഗ്ദാനങ്ങളോടെയാണ് എൻഡിഎ പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിൽ, സ്ത്രീശാക്തീകരണം, ക്ഷേമപദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. യുവാക്കൾക്ക് ഒരു കോടി സർക്കാർ ജോലികൾ നൽകുമെന്നാണ് പ്രധാനമായും മുന്നോട്ടുവയ്‌ക്കുന്ന വാഗ്ദാനം.
ഇന്ന് രാവിലെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം, എല്ലാ ജില്ലകളിലും മെഗാ സ്കിൽ സെന്ററുകൾ, പത്ത് പുതിയ വ്യവസായ പാർക്കുകൾ, അഞ്ച് വർഷത്തിനുള്ളിൽ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം എന്നിങ്ങനെയാണ് എൻഡിഎയുടെ വാഗ്ദാനങ്ങൾ.















