മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പരാമർശം അധിക്ഷേപാർഹമാണെന്നാരോപിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി നൽകി. മലപ്പുറം ആക്കോട് സ്വദേശി സയ്യിദ് മുഹമ്മദ് ജിഫ്രി എന്നയാളാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ സലാം നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞദിവസം മലപ്പുറം വാഴക്കാട് നടന്ന മുസ്‌ലിംലീഗിന്റെ സമ്മേളനത്തിൽ വെച്ച് പിണറായി വിജയനെതിരെ പി.എം.എ സലാം നടത്തിയ വിമർശനമാണ് കേസിനാധാരം. ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്നായിരുന്നു സലാമിന്റെ പരാമർശം.ഇത് വലിയ വിവാദമായിരുന്നു. പരാമർശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സി പിഎം പരാമർശം പിൻവലിച്ച് സലാം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. പി എം എ സലാമിന്റെ സംസ്കാരം പുറത്തുവന്നു എന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ വിമർശനം.
എന്നാൽ പരാമർശത്തെ പൂർണ്ണമായി തള്ളി ലീഗ് സംസ്ഥാന അധ്യക്ഷൻ തന്നെ രംഗത്തെത്തി. രാഷ്‌ട്രീയ വിമർശനങ്ങൾ ആകാമെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.















