കണ്ണൂർ: പ്രമുഖ സിപിഎം നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തേടി രഹസ്യമായി വീട്ടിലെത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകൻ. അടുത്തിടെ ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം ജമാഅത്തെ ഇസ്ലാമിയെ തള്ളി പറഞ്ഞിരുന്നു. സംസ്ഥാന നേതാക്കൾ അടക്കം ജമാഅത്തെ ഇസ്ലാമിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തിന്റെ മകൻ ഇബ്നു അബ്ദുള്ള എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ പ്രതികരിച്ചത്.
കൂത്തുപറമ്പിൽ മത്സരിക്കുന്ന സമയത്ത് കെ. കെ. ശൈലജ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് രാത്രി വീട്ടിൽ എത്തിയ കാര്യവും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അന്ന് വീട്ടിൽ നിന്നും കഴിച്ച് അണ്ടിപരിപ്പിന്റെ പൈസ തിരിച്ച് താ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കൂടാതെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ, പി.ജയരാജൻ എന്നിവർ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് തേടി 30 വർഷത്തോളം ഹിറാ സെന്ററിൽ കയറിയിറങ്ങിയ കാര്യവും ഇതിൽ പറയുന്നുണ്ട്.
ജമാഅത്തെ ഇസ്ലാമിക്കാരുമായി ഇലക്ഷനിൽ സഹകരിച്ചിട്ടില്ല എന്ന് പറയുന്ന സഖാക്കളോട് ഒരിക്കൽ കൂടി പറയുന്നു. നിങ്ങളുടെ കമ്യൂണിസ്റ്റ് ദൈവം കെ.കെ ശൈലജ കൂത്തുപറമ്പിൽ മത്സരിക്കുമ്പോൾ ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ എന്റെ പിതാവിന്റെ അടുക്കൽ, എന്റെ വീട്ടിൽ, രാത്രി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് ചോദിച്ച് സാക്ഷാൽ കെ.കെ ശൈലജ വരികയും, വന്നവർക്ക് എന്റെ ഉമ്മ ഉണ്ടാക്കിയ ഓറഞ്ച് ജൂസും ഒരു പ്ലേറ്റ് നിറയെ ഈത്തപ്പഴവും അണ്ടിപരിപ്പും കൊടുത്തവനാണ് ഈ ഞാൻ, ഉളുപ്പുണ്ടേൽ ആ അണ്ടിപരിപ്പിന്റെ പൈസ തിരിച്ച് താ…. ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.















