കോട്ടയം: ശബരിമലയിലെ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയ മേൽശാന്തിമാരുടെയും പരികർമികളുടെയും ഇതര ജീവനക്കാരുടെയും പേരിലുള്ള നടപടികൾ പരസ്യപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു.
ആടിയ നെയ്യ് ഉൾപ്പെടെയുള്ള കച്ചവടത്തിലും നിലവിലുള്ള അന്വേഷണങ്ങളിലും ഇത്തരം ഉപജാപ സംഘങ്ങളുടെ പങ്കും പങ്കാളിത്തവും പുറത്തുവന്നിട്ടുള്ളതാണ്. രണ്ടു പതിറ്റാണ്ടിലധികമായി ശബരിമലയിൽ തമ്പടിച്ച് പ്രവർത്തിക്കുന്ന ഗൂഢ സംഘത്തെകുറച്ചു സമഗ്രാന്വേഷണം നടത്തണം. ഇവരുടെ രാഷ്‌ട്രീയ പശ്ചാത്തലം അന്വേഷിക്കണം.
ക്ഷേത്രത്തിന്റെ താന്ത്രിക പൂജാ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നവരെ ആകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ വരുന്നത്. ഇത് കണക്കിലെടുത്ത് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ ശുദ്ധീകരണത്തിനും ദേവസ്വം ബോർഡ് തയ്യാറാകണം.
ശബരിമല സ്വർണ്ണ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള
ഉന്നത ബന്ധങ്ങളുടെ ചുരുളഴിയുമ്പോൾ, കേരളം ഞെട്ടി പോവുകയാണ്. ശബരിമലയിലെ പുതിയ ദേവസ്വം ബോർഡ് പ്രസിഡൻ്റിന്റെ ഇരുവശങ്ങളിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത് നിർണായക വിവരങ്ങൾ ചോർത്തുന്നതിനും അന്വേഷണം അട്ടിമറിക്കുന്നതിനും ആണെന്ന് കരുതാതെ വയ്യ.
രണ്ടു പതിറ്റാണ്ടിലധികമായി തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും പരികർമ്മികളും ജീവനക്കാരുമായി ഒരു കോക്കസ് തന്നെ പ്രവർത്തിക്കുന്നുണ്ട്. പ്രധാന പദവികളിൽ ഉള്ള ചിലരുടെ ആശിർവാദവും അനുഗ്രഹവും ഇവർ ഉണ്ടെന്നുള്ളത് വളരെ വ്യക്തമാണ്. ഇക്കൂട്ടർ നടത്തുന്ന ഇടപാടുകളുടെ ഒരു പങ്കും ഈ ഉന്നതർ കൈപ്പറ്റുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു ലോബിയെക്കുറിച്ച് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് എൻ. ഹരി ചൂണ്ടിക്കാട്ടി.















