തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു പക്ഷത്തിനുണ്ടായ വമ്പൻ പരാജയത്തിൽ തന്നെ കുറ്റപ്പെടുത്തുന്നവരെ വെല്ലുവിളിച്ച് മുൻ മേയർ ആര്യാ രാജേന്ദ്രൻ. കനത്ത തോല്‍വിക്ക് പിന്നാലെ ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. ‘Not an inch back’ എന്നെഴുതി വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്.
മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമായിരുന്നു മുൻ കൗൺസിലറും നിയുക്ത കൗൺസിലർ വഞ്ചിയൂർ ബാബുവിന്റെ മകളുമായ ഗായത്രി ബാബു ഉന്നയിച്ചത്. ‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനേയുള്ള വിമർശനങ്ങളാണ്ആര്യക്കെതിരെ ഫേസ്‌ബുക്കിലൂടെ ഗായത്രി ഉയർത്തിയത്.
എന്നാൽ മന്ത്രി വി ശിവൻകുട്ടി ഗായത്രി ബാബുവിനെ തള്ളി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.















