ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളാണ് ചൊവ്വാഴ്ച ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ഇറങ്ങിയത്. ആന്റണോവ് എഎൻ-124 വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിച്ചത്.
ഇതോടെ രാജസ്ഥാനിലെ ജോധ്പൂരിലെ 451-ാം ആർമി ഏവിയേഷൻ സ്ക്വാഡ്രണിലേക്കുള്ള മുഴുവൻ ഹെലികോപ്റ്ററുകളും രാജ്യത്തെത്തി. പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. 2024 മെയ്-ജൂൺ മാസത്തോടെ ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ഇന്ത്യക്ക് കൈമാറേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് ഇത് നീണ്ടുപോകുകയായിരുന്നു.

ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതിനകം തന്നെ 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഉണ്ട്, അവ ലഡാക്കിലും പടിഞ്ഞാറൻ മേഖലകളിലും വിന്യസിച്ചിട്ടുള്ളത്. കനത്ത പവറും അതിജീവനശേഷിയും കാരണം ‘ഫ്ലയിംഗ് ടാങ്ക്’ എന്നാണ് അപ്പാച്ചെ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നൂതനമായ മൾട്ടിറോൾ കോംബാറ്റ് ഹെലികോപ്റ്ററുകളിൽ ഒന്നാണിത്. യുഎസ് അരിസോണയിലെ മേസയിൽ നിർമ്മിച്ച ഇത് യുഎസ് സൈന്യത്തിന്റെ യുദ്ധക്കപ്പലുകളുടെ നട്ടെല്ലാണ്.
206 നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന എഎച്ച്-64 അപ്പാച്ചെ ആക്രമണത്തിനും രഹസ്യാന്വേഷണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെറു മിസൈലുകൾ, 70 mm റോക്കറ്റുകൾ, 30 mm ചെയിൻ ഗൺ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഹെലികോപ്റ്ററുകൾക്ക് ശത്രു ബങ്കറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ നിർവീര്യമാക്കാൻ കഴിവുണ്ട്.















