തൃശൂർ: അതിരപ്പിള്ളിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് വർദ്ധിക്കുന്നു. ചാലക്കുടി പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വിദേശ വനിതയുടെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ റിസോർട്ടിൽ താമസിക്കാൻ എത്തിയ ഇംഗ്ലണ്ടിൽ നിന്നുള്ള കാതറിൻ ആണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അതിരപ്പിള്ളി സന്ദർശിക്കാൻ എത്തുന്നവർ വലിച്ചെറിയുന്നത്.
തൃശൂര്‍ നഗരത്തില്‍ നിന്ന് 63 കിമി അകലയാണ് അതിരപ്പിള്ളി സ്ഥിതി ചെയ്യുന്നത്. നിരവധി ഹോളിവുഡ്- ബോളിവുഡ് സിനിമകളിൽ അതിരപ്പിള്ളി വെളളച്ചാട്ടവും ചാലക്കുടി പുഴയും ഇടം പിടിച്ചിട്ടുണ്ട്. അതിനാൽ ഇവിടം തേടിയെത്തുന്ന വിദേശികളുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുകയാണ്. ആഭ്യന്തര സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യമാണ് ഇവിടെയും വെല്ലുവിളിയാകുന്നത്. നാടുകാണാൻ എത്തിയ വിദേശ വനിതയ്‌ക്ക് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യണ്ടി വന്നത് കേരള ടൂറിസത്തിന് തന്നെ വലിയ നാണക്കേടായിരിക്കുകയാണ്.















