മുംബൈ: ജെയ്ഷെ ഭീകരൻ മുംബൈയിൽ പിടിയിൽ. അയാൻ ഷെയ്ഖ് എന്ന 21 കാരനെയാണ് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അയാൻ ഷെയ്ഖ് ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെൽ അംഗമാണ്.
വിദ്യാർത്ഥികൾക്ക് ഇടയിൽ ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. രണ്ട് വിദ്യാർത്ഥികളെ ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരൻ പിടിയിലാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് രണ്ട് വിദ്യാർത്ഥികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസമായി മുംബൈയിലാണ് അയാൻ ഷെയ്ഖ് താമസിക്കുന്നത്. പാകിസ്ഥാനിലും സൗദി അറേബ്യയിലും ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരിൽ നിന്ന് ഷെയ്ഖിന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ക്രിപ്‌റ്റോ കറൻസി ചാനലുകൾ വഴിയാണ് ഫണ്ടുകൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഭീകരന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക രേഖകളും എടിഎസ് പരിശോധിച്ചുവരികയാണ്.
ഷെയ്ഖിന്റെ മൊബൈൽ ഫോണിൽ നിന്ന് അസ്ഹർ മസൂദ്, മുഹമ്മദ് ഹാഫിസ് എന്നിവരുൾപ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദ് നേതാക്കളുടെ നിരവധി ഓഡിയോ, വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്തതായി എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.















