തൃശൂർ: തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.ചിമ്മിനി ഉൾക്കാട്ടിലാണ് സംഭവം. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ അളക്കുന്നതിനിടെയാണ് സംഭവം.
ആറംഗ സംഘത്തിന് നേരെയാണ് പിടിയാനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം രക്ഷപ്പെടാനായി പലവഴിക്കായി ഓടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, വിബിൻ, അനീഷ് എന്നിവർ ചേർന്ന് കുമാറിനെ കാടിന് പുറത്തെത്തിച്ച്, വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും മരിച്ചിരുന്നു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വരന്തരപ്പിള്ളി പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജു കൊല്ലപ്പെട്ടിരുന്നു. ചൊവ്വ വൈകിട്ട് 5.30 ന് കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റാണ് ഷൈജു മരിച്ചത്. പത്തുപേരാണ് കാട്ടാനകളെ തുരത്താൻ പോയത്. ഇതിനിടയിൽ ഒരു ആന തിരിഞ്ഞ് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.















