ന്യൂഡൽഹി: സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച 12 അംഗ സംഘം പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ എന്നീ നിരോധിത ആഗോള ഭീകര സംഘടനകളുമായി ബന്ധമുള്ളവരെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടിയത്.
വിജയവാഡ സ്വദേശികളായ മുഹമ്മദ് റഹ്മത്തുള്ള ഷെരീഫ്, മിർസ സുഹൈൽ ബേഗ്, മുഹമ്മദ് ഡാനിഷ് എന്നിവരാണ് ഈ ശൃംഖലയിലെ പ്രധാനികൾ. ഇവർ ചേർന്ന് ‘അൽ മാലിക് ഇസ്ലാമിക് യൂത്ത്’ എന്ന പേരിൽ ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തു. ഗസ്‌വ-ഇ-ഹിന്ദ് (ഇന്ത്യക്കെതിരെയുള്ള യുദ്ധം) ലക്ഷ്യം വെച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
സാധാരണ മെസഞ്ചർ ആപ്പുകൾക്ക് പകരം ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴിയാണ് ഇവർ വിദേശത്തുള്ള ഭീകരവാദ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടത്. അൽ-ഹക്കീം ഷുക്കൂർ എന്ന വിദേശി വഴിയാണ് ഇവർ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നത്. ഐസിസുമായി ബന്ധമുള്ള ‘ബെനക്സ് കോം’ എന്ന ഗ്രൂപ്പുമായും ഇവർക്ക് ബന്ധമുണ്ട്.
ഒസാമ ബിൻ ലാദന്റെ വീഡിയോകൾ അനുകരിക്കുകയും സ്വയം മുജാഹിദ്ദീൻ ആയി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദേശീയ പതാക കത്തിച്ച് പകരം ഐസിസ് ലോഗോ ഉപയോഗിക്കുകയും ചെയ്തു. ദേശീയ ഗാനത്തെ പരിഹസിക്കുന്ന രീതിയിൽ പോസ്റ്റുകളിട്ടു. ഇന്ത്യയെ ഒരു ഇസ്ലാമിക് സ്റ്റേറ്റാക്കി മാറ്റുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.















