പെരുമ്പാവൂര്‍: സാമ്പത്തിക പ്രതിസന്ധിയില്‍ ഹോട്ടല്‍ ഉടമ ജീവനൊടുക്കി. ‘ഗിന്നസ്’ സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും സുപരിചിതനായ പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി കെ.കെ. രാജനെ (58) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നിനുപുറകെ ഒന്നായി വന്ന ജീവിത പ്രതിസന്ധികളാണ് മരിക്കാന്‍ കാരണം എന്നാണ് കരുതുന്നത്.
പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ ഗിന്നസ് എന്ന പേരില്‍ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകള്‍ നടത്തുകയായിരുന്നു രാജന്റെ കുടുംബം. എന്നാല്‍ പിന്നീട് രണ്ട് സ്ഥലങ്ങളിലെ സ്റ്റുഡോയകള്‍ നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് കാക്കനാട് പുതിയ ബിസിനസ് തുടങ്ങുകയായിരുന്നു. ഈ വര്‍ഷമാണ് കാക്കനാട് രാജന്‍ പുതിയ ഹോട്ടല്‍ ആരംഭിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന പ്രതിസന്ധികള്‍ രാജന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു. ഗ്യാസിന്റെ ലഭ്യത കുറഞ്ഞതോടെ പല ഹോട്ടലുകളും പൂട്ടുന്നതിന്റെ വക്കില്‍ എത്തിയിരുന്നു. രാജന്റെ ഹോട്ടലും അതുപോലെ പൂട്ടിയിടേണ്ടതായി വന്നു. തുടര്‍ന്ന് ഉണ്ടായ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് അദ്ദേഹം ഈ ഒരു തീരുമാനം എടുക്കാന്‍ കാരണം.
മകള്‍ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് രാജനും ഇപ്പോള്‍ മരിച്ചിരിക്കുന്നത്. മകളുടെ മരണത്തില്‍ നിന്നും രാജനും കുടുംബവും ഇതുവരെ കരകയറിയിട്ടുണ്ടായിരുന്നില്ല. 2025 ഡിസംബറിലാണ് അവരുടെ മകള്‍ കൃഷ്ണ മരിക്കുന്നത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി കശ്മീരിലെ ശ്രീനഗറില്‍ എത്തിയതായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സിക്കുകയും തുടര്‍ന്ന് അസുഖം മാറി റൂമിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതത്തില്‍ കൃഷ്ണ മരിക്കുകയായിരുന്നു.
ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (പെരുമ്പാവൂര്‍ മേഖലാ സെന്‍ട്രല്‍ യൂണിറ്റ്) അംഗമാണ് രാജന്‍. ഭാര്യ – ഗിരിജ. മക്കള്‍ – ഉണ്ണി (ഫോട്ടോഗ്രാഫര്‍), കണ്ണന്‍ (ഷെഫ്), പരേതയായ കൃഷ്ണ. സംസ്‌കാര ചടങ്ങുകള്‍ മുടക്കുഴയിലെ വീട്ടുവളപ്പില്‍ നടന്നു.















