ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ചരിത്രപരമായ ‘ഗഗന്‍യാന്‍’ ദൗത്യത്തിന് കരുത്തേകാന്‍ ഐഎസ്ആര്‍ഒ പുതിയ ചുവടുവെക്കുന്നു. ദൗത്യത്തിന്റെ സുരക്ഷയും കൃത്യതയും ഉറപ്പാക്കുന്നതിനായി ജര്‍മ്മനിയിലെ ഡാംസ്റ്റാഡിലുള്ള യൂറോപ്യന്‍ സ്പേസ് ഓപ്പറേഷന്‍സ് സെന്ററുമായി ചേര്‍ന്ന് അതിവേഗ കമ്മ്യൂണിക്കേഷന്‍ ലിങ്ക് ഐഎസ്ആര്‍ഒ സ്ഥാപിക്കും.
മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ ദൗത്യങ്ങളില്‍ ഭൂമിയിലെ കണ്‍ട്രോള്‍ സ്റ്റേഷനുകളും പേടകവും തമ്മില്‍ ഒരു നിമിഷം പോലും വൈകാതെ വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്. വിവരശേഖരണത്തിലോ സിഗ്‌നലുകള്‍ കൈമാറുന്നതിലോ ഉണ്ടാകുന്ന നേരിയ താമസം പോലും ദൗത്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാം. ഈ വെല്ലുവിളി മറികടക്കാനാണ് അതീവ സുരക്ഷയുള്ള ആശയവിനിമയ സംവിധാനം ഒരുക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഐസ്ട്രാക് ടെലിമെട്രി സ്റ്റേഷനും ജര്‍മ്മനിയിലെ യൂറോപ്യന്‍ സ്പേസ് ഓപ്പറേഷന്‍സ് സെന്ററും തമ്മിലാണ് ഈ ബന്ധം സ്ഥാപിക്കുന്നത്. പ്രകാശ സിഗ്‌നലുകള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. പൊതു ഇന്റര്‍നെറ്റില്‍ നിന്നും വേറിട്ട്, അതീവ സുരക്ഷിതമായ ഒരു സ്വകാര്യ ചാനല്‍ വഴി ഡാറ്റ കൈമാറാന്‍ ഇത് സഹായിക്കും.
ബഹിരാകാശ പേടകത്തില്‍ നിന്നുള്ള വിവരങ്ങള്‍, ട്രാക്കിങ് ഡാറ്റ, കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ തത്സമയം കൈമാറാന്‍ ഈ ലിങ്ക് അത്യന്താപേക്ഷിതമാണ്. ഗഗന്‍യാന് പുറമെ ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ക്കും ഈ സംവിധാനം കരുത്തുപകരും. അന്താരാഷ്‌ട്ര ഏജന്‍സികളുമായുള്ള സഹകരണത്തിലൂടെ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ശേഷി വര്‍ദ്ധിപ്പിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.















