ആലപ്പുഴ: മാലദ്വീപിലെ സ്കൂളിൽ മലയാളി അധ്യാപികയ്‌ക്ക് നേരെ വിദ്യാർത്ഥിയുടെ ആക്രമണം. ക്ലാസിനിടെ കമ്പ്യൂട്ടറിൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതിനാണ് അധ്യാപികയെ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ അധ്യാപികയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു.
ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്‌ക്കാണ് പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയാണ് സ്മിത. ഇവർ കഴിഞ്ഞ പത്ത് വർഷമായി മാലദ്വീപിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.
കഴിഞ്ഞ ഏപ്രിൽ 12-നായിരുന്നു സംഭവം. ക്ലാസെടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക അത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപികയുടെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ അധ്യാപികയുടെ മൂക്കിന്റെ എല്ലിന് ഒടിവുണ്ട്. ഉടൻ തന്നെ മാലെയിലെ എ.ഡി.കെ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സ്കൂൾ അധികൃതർ നടപടി ആരംഭിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലേക്ക് കൊണ്ടുവരാനാണ് ഭർത്താവ് ദീപകിന്റെ തീരുമാനം.















