ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറിയ സിംബാബ്വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസരബാനിക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പിഎസ്എല്ലില്‍ കളിക്കുന്നതിനാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പിഎസ്എല്‍ 2026-ല്‍ ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലെത്തിയ മുസരബാനി, പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേരുന്നതിനായി കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. വ്യക്തമായ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം അത് ലംഘിച്ച് മറ്റൊരു ലീഗില്‍ ചേരാന്‍ തീരുമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് പിസിബി പ്രസ്താവനയില്‍ വ്യക്തമാക്കി.
‘വ്യക്തമായ വാഗ്ദാനവും നിബന്ധനകളും അംഗീകരിച്ചിട്ടും, മറ്റൊരു കരാറിന് വേണ്ടി താരം തന്റെ ബാധ്യതകള്‍ അവഗണിച്ചു,’ പിസിബി പ്രസ്താവനയെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനൊപ്പം പിഎസ്എല്‍ കിരീടം നേടിയിട്ടുള്ള താരമാണ് മുസരബാനി. ഫെബ്രുവരി 11-ന് നടന്ന പിഎസ്എല്‍ ലേലത്തില്‍ താരത്തെ ആരും വാങ്ങിയിരുന്നില്ലെങ്കിലും, വെസ്റ്റ് ഇന്‍ഡീസ് താരം ഷമര്‍ ജോസഫിന് പകരക്കാരനായി ഇസ്ലാമാബാദ് യുണൈറ്റഡ് മുസരബാനിയെ നേരിട്ട് ടീമിലെടുക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാന് പകരക്കാരനായി കെകെആര്‍ മുസരബാനിയെ സമീപിച്ചതോടെ താരം ഐപിഎല്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ബിസിസിഐയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 9.2 കോടി രൂപയ്‌ക്ക് ലേലത്തില്‍ വിളിച്ച മുസ്തഫിസുറിനെ കെകെആര്‍ റിലീസ് ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് മുസരബാനി എത്തിയത്. ഈ ഐപിഎല്‍ സീസണില്‍ കെകെആറിനായി രണ്ട് മത്സരങ്ങള്‍ കളിച്ച മുസരബാനി 10.71 എക്കണോമിയില്‍ നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന ടി20 ലോകകപ്പില്‍ 13 വിക്കറ്റുകളുമായി സിംബാബ്വെയെ സൂപ്പര്‍ എയിറ്റില്‍ എത്തിക്കുന്നതില്‍ താരം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.















