ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി, അതിന്റെ പോഷക സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 58 സ്കൂളുകളുടെ ഭരണം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്കൂളുകള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. ഇവിടത്തെ മാനേജിംഗ് കമ്മിറ്റികളിലെ ചില അംഗങ്ങള്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
പല സ്കൂളുകളിലെയും മാനേജ്മെന്റ് കമ്മിറ്റികളുടെ കാലാവധി അവസാനിച്ച നിലയിലായിരുന്നു. സ്കൂളുകളിലെ അധ്യാപകരുടെയും ഇതര ജീവനക്കാരുടെയും പശ്ചാത്തലം ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിക്കും. വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തുന്നവര്‍ക്ക് ജോലി നഷ്ടമായേക്കും. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്കാണ് (ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍) നിലവില്‍ സ്കൂളുകളുടെ ചുമതല. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം പ്രാദേശികമായിട്ടുള്ള, വ്യക്തിശുദ്ധിയുള്ള ആളുകളെ ഉള്‍പ്പെടുത്തി പുതിയ മാനേജിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലാണ് ഈ മാറ്റം നടപ്പിലാക്കുന്നത്. 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം പ്രകാരം ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീരിനെ നേരത്തെ തന്നെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. 2025 ഓഗസ്റ്റില്‍ സമാനമായ രീതിയില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 215 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും കുട്ടികളുടെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ സ്കൂളുകളില്‍ നേരിട്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.















