നോയിഡ: നോയിഡയിലെ വ്യാവസായിക മേഖലയില്‍ തൊഴിലാളികളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ആദിത്യ ആനന്ദിനെ പോലീസ് പിടികൂടി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഒരു ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന പ്രതി വലയിലായത്. ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വിദേശശക്തികള്‍ നടത്തുന്ന അട്ടിമറി നീക്കങ്ങളുടെ നിര്‍ണ്ണായക വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്.
അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി നോയിഡ പോലീസ് കമ്മീഷണര്‍ ലക്ഷ്മി സിംഗ് സ്ഥിരീകരിച്ചു. ‘മീര്‍ ഇളയാസി’, ‘ആയുഷി തിവാരി’ എന്നീ പേരുകളിലുള്ള അക്കൗണ്ടുകള്‍ വഴിയാണ് വിപിഎന്‍ഉപയോഗിച്ച് വിദ്വേഷം പ്രചരിപ്പിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിലെ തൊഴില്‍ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുമാണ് ഈ അക്കൗണ്ടുകള്‍ വഴി ശ്രമം നടന്നത്.
ഏപ്രില്‍ 11-ന് തൊഴിലാളികളുമായി സമാധാന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി മനഃപൂര്‍വം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ക്യുആര്‍ കോഡുകള്‍ വഴി ആളുകളെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 62 പേരില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ തൊഴിലാളികളല്ല, മറിച്ച് പുറത്തുനിന്നുള്ള അക്രമികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം പ്രകാരം നടപടി സ്വീകരിക്കും.
പ്രതി ആദിത്യ ആനന്ദ് 2020 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നതായാണ് വിവരം. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിദേശ ബന്ധങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ, ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നീ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തു. രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യന്‍ തൊഴില്‍ മേഖലയെ കരുവാക്കി നടത്തുന്ന നീക്കങ്ങളെ മുളയിലേ നുള്ളാനുള്ള ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.















