വർക്കല: അബ്കാരി കേസ് പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ വർക്കല എക്സൈസ് റേഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. ഷാജഹാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ് യു.പി, സൂരജ് എസ്. എന്നിവർക്കാണ് ശിക്ഷാ നടപടിയുടെ ഭാഗമായി മൂന്ന് മാസത്തെ കഠിന പരിശീലനം ഉത്തരവിട്ടത്. വർക്കല റേഞ്ച് ഓഫീസിലെ 56/2026-ാം നമ്പർ അബ്കാരി കേസുമായി ബന്ധപ്പെട്ടാണ് നടപടി.
പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റ് ചെയ്ത പ്രതിയെയും അനുബന്ധ രേഖകളെയും വർക്കല എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ് രാത്രി 12:55-ഓടെ റേഞ്ച് ഓഫീസിൽ എത്തിച്ചപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥ ശ്രദ്ധയിൽപ്പെട്ടത്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വരുത്തിയ ഗുരുതരമായ ഉദാസീനതയെയും അച്ചടക്കലംഘനത്തെയും ചൂണ്ടിക്കാട്ടി ജില്ലാ മേലുദ്യോഗസ്ഥർക്ക് നൽകിയ അന്വേഷണ ശുപാർശയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷാനടപടിയുടെ ഭാഗമായി മൂന്ന് മാസത്തെ കഠിന പരിശീലനത്തിന് അയക്കും. തൃശൂർ എക്സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ ഈ മാസം 18 മുതൽ ആരംഭിക്കുന്ന പ്രത്യേക പരിശീലന പരിപാടിയിലാണ് ഇവർ പങ്കെടുക്കേണ്ടത്.















