കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഇതോടെ ഒരു പ്രത്യേക സമുദായത്തില്‍ നിലനില്‍ക്കുന്ന ഒന്നിലധികം വിവാഹം കഴിക്കുന്ന രീതിക്ക് അന്ത്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലയിലെ കുള്‍ട്ടിയില്‍ നടന്ന കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രീണന രാഷ്‌ട്രീയമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. യുസിസി നടപ്പിലാക്കുന്നതോടെ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമമായിരിക്കും ബാധകം. ഒരു വ്യക്തിക്ക് നാല് വിവാഹം കഴിക്കാവുന്ന രീതി നിയമപരമായി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും തുല്യനീതി ഉറപ്പാക്കാനും ഇത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് ഇതിനകം യുസിസി നടപ്പിലാക്കിയതും ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയെയും ഭരണരീതിയെയും അമിത് ഷാ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
ബിജെപി ഭരണത്തില്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മദ്രസകള്‍ക്കായി 5000 കോടി രൂപ ചിലവഴിക്കുന്ന മമത സര്‍ക്കാരിന്റെ നടപടി വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിലെ സിന്‍ഡിക്കേറ്റ്-മാഫിയാ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ളതാണ് അമിത് ഷായുടെ ഏകീകൃത സിവില്‍ കോഡ് വാഗ്ദാനം. സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ഈ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ പോരാട്ടമായിരിക്കും ബിജെപി കാഴ്ചവെക്കുകയെന്നും അദ്ദേഹം റാലിയില്‍ വ്യക്തമാക്കി.















