തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഒരു ബാലന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കോടാലിയിലെ വീട്ടില്‍ വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ തവണ കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയന്‍ പാമ്പിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പാമ്പുകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ വീടിനുള്ളില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വീടിന്റെ തറയിലോ ചുമരുകളിലോ ഉള്ള വിള്ളലുകള്‍ക്കിടയില്‍ ഇനിയും പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷ് ഭേദമായി വരികയാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായം ഒഴിവാക്കി.
അനോഷ് മാതാപിതാക്കളെ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്തു. ഏപ്രില്‍ 19-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന അനോഷിനെയും സഹോദരന്‍ ആഞ്‌ജോയെയും തലയിണയ്‌ക്കുള്ളിലുണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. ആഞ്‌ജോ അന്നുതന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. തന്റെ പ്രിയപ്പെട്ട സഹോദരന്‍ വിട്ടുപിരിഞ്ഞ വിവരം അനോഷിനെ ഇതുവരെ അറിയിച്ചിട്ടില്ല. അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിന് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും, വീടിനുള്ളില്‍ ഇനിയും പാമ്പുകള്‍ ഉണ്ടെന്ന കണ്ടെത്തല്‍ ഈ കുടുംബത്തെയും അയല്‍വാസികളെയും കടുത്ത ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.















