ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പരിശോധന ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയതായി ഏര്‍പ്പെടുത്തിയ ഇലക്ഷന്‍ സീഷര്‍ മാനേജ്മെന്റ് സിസ്റ്റംവഴി ഇതുവരെ 1000 കോടിയിലധികം രൂപയുടെ അനധികൃത ഇടപാടുകള്‍ തടയാന്‍ കഴിഞ്ഞതായി ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്മിഷന്‍ അറിയിച്ചു.
തമിഴ്നാട്ടില്‍ നിന്ന് മാത്രം 599.24 കോടി രൂപയുടെ മൂല്യമുള്ള പണവും മദ്യവും മറ്റ് സമ്മാനവസ്തുക്കളും പിടിച്ചെടുത്തു. രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ നിന്ന് 472.89 കോടി രൂപയുടെ വസ്തുക്കളാണ് പിടികൂടിയത്. ഇതില്‍ മയക്കുമരുന്നും വിലപിടിപ്പുള്ള ലോഹങ്ങളും ഉള്‍പ്പെടുന്നു. വിവിധ സ്‌ക്വാഡുകള്‍ നടത്തിയ വാഹന പരിശോധനയിലൂടെ മാത്രം 543 കോടി രൂപയുടെ പണം നേരിട്ട് പിടിച്ചെടുക്കാന്‍ സാധിച്ചു.
പരിശോധനകളുടെ പേരില്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കമ്മിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും പ്രത്യേക പരാതി പരിഹാര കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. അര്‍ഹമായ രേഖകളില്ലാതെ വലിയ തുക കൈവശം വെക്കുന്നവര്‍ക്കെതിരെയാണ് നിലവില്‍ നടപടിയുണ്ടാകുന്നത്.
തമിഴ്നാട്ടില്‍ വ്യാഴാഴ്ച ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആദ്യ ഘട്ടം വ്യാഴാഴ്ചയും രണ്ടാം ഘട്ടം ഏപ്രില്‍ 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിധി നിര്‍ണ്ണയിക്കുന്ന വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണക്കൊഴുപ്പ് ഉപയോഗിക്കുന്നത് തടയാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.















