തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന സ്വർഗീയ കെ. ജി മാരാർജിയുടെ സ്മൃതിദിന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജിയുടെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻ പിള്ള, സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്,പൂന്തുറ ശ്രീകുമാർ, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയവരും മറ്റു സംസ്ഥാന-ജില്ലാ നേതാക്കളും പുഷ്പാർച്ചനയിലും തുടർന്നു നടന്ന അനുസ്മരണ യോഗത്തിലും പങ്കെടുത്തു.
സംഘടന പ്രവർത്തനം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് എപ്പോഴും വാചാലനായിരുന്നു മാരാർജിയെന്ന് കരമന ജയൻ അനുസ്മരിച്ചു. കേരള രാഷ്‌ട്രീയത്തിൽ ഇന്നും എല്ലാവരുടെയും മനസ്സിൽ അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ട്. മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മാരാർജിയുടെ സ്വപ്‌നം സഫലമാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിത്വമുള്ള പ്രവർത്തനശൈലിയുടെ ഉടമയായിരുന്നു മാരാർജിയെന്ന് സഹപ്രവർത്തകൻ കൂടിയായ കെ. രാമൻ പിള്ള അനുസ്മരിച്ചു. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി കണ്ട പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. മാരാർജിക്ക് തുല്യം മാരാർജി മാത്രമാണെന്നും അദ്ദേഹത്തെ മാതൃകയാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും രാമൻപിള്ള പറഞ്ഞു.















