ഭുവനേശ്വര്‍: ഒഡീഷയിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ റെയില്‍വേ സ്റ്റേഷനുകളിലൊന്നായ ബ്രഹ്മപൂര്‍ റെയില്‍വേ സ്റ്റേഷന് ആധുനിക രീതിയില്‍ നവീകരിക്കുന്നു. റെയില്‍വേ മന്ത്രാലയത്തിന്റെ ‘അമൃത് ഭാരത് സ്റ്റേഷന് പദ്ധതി’ പ്രകാരമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദക്ഷിണ ഒഡീഷയിലെ പ്രധാന റെയില്‍ ഹബ്ബായ ഇവിടെ നിലവില്‍ പ്രതിദിനം 162-ലധികം ട്രെയിനുകളും 25,000-ഓളം യാത്രക്കാരുമാണ് എത്തുന്നത്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കീഴിലുള്ള ഖുര്‍ദ റോഡ് ഡിവിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 300 കോടി രൂപ റെയില്‍വേ അനുവദിച്ചു. ഘട്ടം ഘട്ടമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.
ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് പുതിയ റെയില്‍വേ ലൈനുകളും നാല് പുതിയ പ്ലാറ്റ്ഫോമുകളും സ്റ്റേഷനില്‍ നിര്‍മ്മിക്കും. രണ്ടാമത്തെ പ്രവേശന കവാടത്തിന് സമീപം പുതിയ സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കും. ഇതിനായി നിലവിലുള്ള ക്വാര്‍ട്ടേഴ്സുകളും സര്‍വീസ് കെട്ടിടങ്ങളും മാറ്റിസ്ഥാപിക്കും. നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ തറയും മേല്‍ക്കൂരയും നവീകരിക്കും. ട്രെയിനുകളില്‍ വേഗത്തില്‍ വെള്ളം നിറയ്ക്കാനുള്ള ക്വിക്ക് വാട്ടറിംഗ് സിസ്റ്റം സ്ഥാപിക്കും.
പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിപുലമായ പാസഞ്ചര്‍ മൂവ്മെന്റ് സിസ്റ്റവും ലിഫ്റ്റുകളും എസ്കലേറ്ററുകളും സജ്ജമാക്കും. നിലവിലുള്ള നടപ്പാലം നീട്ടുകയും ചെയ്യും. ഭിന്നശേഷിക്കാര്‍ക്കായി ടാക്റ്റൈല്‍ പാതകളും പ്രത്യേക സൗകര്യങ്ങളും സ്റ്റേഷനിലുടനീളം ഒരുക്കും. സ്റ്റേഷന്റെ ഇരുവശങ്ങളിലുമുള്ള റോഡുകള്‍ വീതികൂട്ടുകയും നടപ്പാതകള്‍, ഡ്രെയിനേജ് സംവിധാനം, ലാന്‍ഡ്സ്കേപ്പിംഗ് എന്നിവ വികസിപ്പിക്കുകയും ചെയ്യും. രണ്ടാം പ്രവേശന കവാടത്തിന്റെ പണി പുരോഗമിക്കുകയാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകള്‍, ലഗേജ് സ്കാനറുകള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ ഒഡിയ, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിലുള്ള ഇന്‍ഫര്‍മേഷന്‍ സൈനേജുകളും ഡിജിറ്റല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും സ്റ്റേഷനില്‍ സജ്ജമാക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കിഴക്കന്‍ തീരത്തെ ഏറ്റവും മികച്ച സ്റ്റേഷനുകളിലൊന്നായി ബ്രഹ്മപൂര്‍ മാറും.















