കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ജാഗ്രതയില്‍. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യവും ബോംബ് ഭീഷണികളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേസുകള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള അസാധാരണ നടപടിയാണിത്.
കഴിഞ്ഞ ദിവസം ദക്ഷിണ 24 പര്‍ഗാനയിലെ ഭംഗറില്‍ നിന്ന് 79 നാടന്‍ ബോംബുകളും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ വസതിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കളുടെ ഉറവിടം, നിര്‍മ്മാണത്തിന് പിന്നിലെ ഗൂഢാലോചന, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ എന്നിവ എന്‍.ഐ.എ വിശദമായി പരിശോധിക്കും.
ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്താനും കുറ്റവാളികളെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാനും സംസ്ഥാന പോലീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. പരിശോധനകളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. അക്രമരഹിതമായ പോളിംഗ് ഉറപ്പാക്കാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
2.4 ലക്ഷം കേന്ദ്ര സായുധ പോലീസ് സേനാംഗങ്ങളെയാണ് രണ്ടാം ഘട്ടത്തിനായി വിന്യസിച്ചിട്ടുള്ളത്.
വോട്ടെടുപ്പിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സേന കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ബംഗാളില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വോട്ടര്‍മാര്‍ ഭയരഹിതമായി ബൂത്തുകളിലെത്തണമെന്നും സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ സംഘര്‍ഷഭരിതമായ മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണവും കര്‍ശന പരിശോധനകളും തുടരുകയാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.















