തിരുവനന്തപുരം: തിരുവനന്തപുരത്ത് പെണ്‍വാണിഭ സംഘത്തിലെ എട്ട് പേര്‍ പിടിയില്‍. തലസ്ഥാനത്തെ കാര്യവട്ടത്ത് അനധികൃതമായി താമസിച്ച് വരികയായിരുന്നു ഇവര്‍. ഇതില്‍ രണ്ട് ബംഗ്ലാദേശി യുവതികളാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുള്‍പ്പെടെ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട എട്ടുപേരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രി കഴക്കൂട്ടം പോലീസും കേരള ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കാര്യവട്ടത്തെ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഈ മാസം ആദ്യമാണ് സംഘം ഇവിടെ താമസം തുടങ്ങിയത്.
തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് വീട്ടുടമസ്ഥനെ തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ വീട് വാടകയ്‌ക്ക് എടുത്തതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി സംഘം തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പിടിയിലായ രണ്ട് ബംഗ്ലാദേശി യുവതികള്‍ക്കെതിരെ പാസ്പോര്‍ട്ട് നിയമപ്രകാരം അനധികൃത താമസത്തിന് കേസെടുത്തു. പെണ്‍വാണിഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് ആറുപേരെയും കസ്റ്റഡിയിലെടുത്തു. എ.ടി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴക്കൂട്ടം പോലീസ് രാത്രിയോടെ വീട് വളയുകയായിരുന്നു.
ബംഗ്ലാദേശി യുവതികള്‍ക്കെതിരെയും പെണ്‍വാണിഭ സംഘത്തിനെതിരെയും രണ്ട് പ്രത്യേക കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വ്യാജ രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താന്‍ പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും തിരുവനന്തപുരത്തെ ഒരു സ്പായില്‍ നിന്ന് സമാനമായ രീതിയില്‍ രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ കര്‍ശനമായ നിരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.















