ന്യൂഡല്‍ഹി: ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളുടെ രൂപീകരണ ദിനത്തില്‍ (സ്റ്റേറ്റ്ഹുഡ് ഡേ) ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന കുതിപ്പില്‍ ഇരു സംസ്ഥാനങ്ങളും വിലപ്പെട്ട സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശങ്ങളിലാണ് അദ്ദേഹം ഇരു സംസ്ഥാനങ്ങളുടെയും പുരോഗതിക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചത്.
ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍, സംസ്ഥാനത്തിന്റെ സമ്പന്നമായ ചരിത്രത്തെയും ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. ‘ഗുജറാത്തിന്റെ സവിശേഷമായ ചരിത്രവും ഉശിരും ആഘോഷിക്കപ്പെടുന്ന ദിനമാണിന്ന്. ഇന്ത്യയുടെ പുരോഗതിയില്‍ ഗുജറാത്ത് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഗുജറാത്തികളുടെ സംരംഭകത്വ സ്വഭാവവും ഊര്‍ജ്ജസ്വലതയും എടുത്തു പറയേണ്ടതാണ്. വരും കാലങ്ങളിലും സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ,’ എന്ന് അദ്ദേഹം കുറിച്ചു.
സാമൂഹിക ഉണര്‍വിന്റെയും സാംസ്‌കാരിക സമ്പന്നതയുടെയും നീണ്ട ചരിത്രമാണ് മഹാരാഷ്‌ട്രയ്‌ക്കുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാഹിത്യം, നാടകം, സംഗീതം, സിനിമ, വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ എല്ലാ മേഖലകളിലും മഹാരാഷ്‌ട്ര ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയുടെയും അവിടുത്തെ ജനങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1960 മെയ് ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ പഴയ ബോംബെ സംസ്ഥാനം വിഭജിച്ച് മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നത്. ഇതിന്റെ ഓര്‍മ്മയ്‌ക്കായാണ് എല്ലാ വര്‍ഷവും മെയ് 1 സംസ്ഥാന രൂപീകരണ ദിനമായി ആഘോഷിക്കുന്നത്.















