ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയും ഇറ്റലിയും 2026-27 വര്‍ഷത്തേക്കുള്ള ഉഭയകക്ഷി സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗുഡോ ക്രോസെറ്റോയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ സഖ്യത്തിന് രൂപമായത്. കര, നാവിക, വ്യോമ സേനകള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ സംയുക്ത സൈനികാഭ്യാസങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.
ഇറ്റാലിയന്‍ കമ്പനിയായ ‘ഫിന്‍കാന്തേരി’ ഇന്ത്യന്‍ കപ്പല്‍ശാലകളുമായി സഹകരിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനായി ആധുനിക കപ്പലുകള്‍ നിര്‍മ്മിക്കും. ഗ്രീന്‍ പ്രൊപ്പല്‍ഷന്‍, ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യകള്‍ എന്നിവ വികസിപ്പിക്കുന്നതിനും ധാരണയായി. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി ഗുരുഗ്രാമിലെ ‘ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍’ വഴി തത്സമയ വിവരങ്ങള്‍ കൈമാറാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇറ്റലിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഉന്നതതല ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ കൃത്യമായ ഇടവേളകളില്‍ ഉറപ്പാക്കുമെന്നും കരാറില്‍ പറയുന്നു. ചര്‍ച്ചയ്‌ക്കിടെ ഇന്ത്യയുടെ തന്ത്രപരമായ സുരക്ഷാ വിഷയങ്ങളും രാജ്നാഥ് സിംഗ് ഉന്നയിച്ചു. ഇറ്റലിയുടെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകള്‍ അയല്‍രാജ്യമായ പാകിസ്ഥാന്റെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ഇറ്റാലിയന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുമെന്ന് ഇറ്റലി ഉറപ്പുനല്‍കിയതായാണ് വിവരം.
പ്രതിരോധ വ്യവസായ രംഗത്തെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുന്നതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സ്വാധീനം വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















