പത്തനംതിട്ട: പോക്സോ കേസില്‍ 63 വര്‍ഷം തടവുശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചം. പത്തനാപുരം കുര തെക്കങ്കോട് കിഴക്കേതില്‍ സ്വദേശി അനീഷിനെ (29) കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തലവൂര്‍ അരിങ്ങട ഇലഞ്ഞിക്കോട് ഏലായില്‍ വെച്ചായിരുന്നു സംഭവം. നിലവില്‍ മൂന്ന് പോക്സോ കേസുകളില്‍ പ്രതിയായ ഇയാള്‍, ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയാണ് ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ കുറ്ററ സൊസൈറ്റിയില്‍ പാല്‍ നല്‍കി മടങ്ങുകയായിരുന്ന 61-കാരിയെ പ്രതി ആക്രമിക്കുകയായിരുന്നു. വേനല്‍ മഴ പെയ്യുന്നതിനിടെ വിജനമായ പാടത്തേക്ക് വയോധികയെ തള്ളിവീഴ്‌ത്തിയ പ്രതി, വസ്ത്രങ്ങള്‍ വലിച്ചുകീറി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം വയോധികയുടെ പിന്നാലെ വന്ന മറ്റൊരു സ്ത്രീയാണ് രക്ഷകയായത്. പാടത്തെ ചാലില്‍ കുടയും പാല്‍പ്പാത്രവും അനാഥമായി കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഇവര്‍ വയോധികയുടെ പേര് വിളിച്ച് കരഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ തലവൂര്‍ രണ്ടാലുംമൂട്ടില്‍ വെച്ച് ഇയാളെ പിടികൂടി പോലീസിന് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.















