ഹൈദരാബാദ്: തെലങ്കാനയിലെ മീര്‍പേട്ടില്‍ നിന്നു ഞെട്ടിക്കുന്ന ഒരു റോഡ് അതിക്രമത്തിന്റെ വാര്‍ത്ത പുറത്തുവരുന്നു. സ്‌കൂട്ടറില്‍ കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍, മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ദൂരം അതിവേഗത്തില്‍ വാഹനമോടിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. എസ്.കെ. ജിലാനി എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
മകനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു ജിലാനി. മീര്‍പേട്ടില്‍ വെച്ച് ഇവരുടെ വാഹനത്തില്‍ ഒരു കാര്‍ തട്ടിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത ജിലാനിയുടെ മകനെ കാര്‍ ഡ്രൈവര്‍ മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. വാഹനം മുന്നോട്ട് എടുത്തതോടെ മകന്‍ റോഡിലേക്ക് തെറിച്ചുവീണു.
മകനെ രക്ഷിക്കാനായി കാറിന് മുന്നിലേക്ക് ചാടിയ ജിലാനിയെയും വകവെക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തു. ഇതോടെ ജീവന്‍ രക്ഷിക്കാന്‍ ജിലാനി കാറിന്റെ ബോണറ്റില്‍ മുറുക്കിപ്പിടിച്ചു തൂങ്ങിക്കിടന്നു. എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറാകാതിരുന്ന ഡ്രൈവര്‍ ജിലാനിയുമായി ബാലാപ്പൂര്‍ വരെ രണ്ട് കിലോമീറ്റര്‍ ദൂരം അപകടകരമായ രീതിയില്‍ കാറോടിച്ചു.
ഭീതിയോടെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്ന ജിലാനിയുടെ ദൃശ്യങ്ങള്‍ പിന്നാലെ വന്ന വാഹന യാത്രക്കാര്‍ പകര്‍ത്തിയത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാലാപ്പൂരില്‍ വെച്ച് വേഗത കുറച്ചപ്പോള്‍ ജിലാനി താഴെയിറങ്ങി. ഉടന്‍ തന്നെ ഡ്രൈവര്‍ കാറുമായി അമിതവേഗതയില്‍ പാഞ്ഞു. സംഭവത്തില്‍ മീര്‍പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാര്‍ ഡ്രൈവറെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങള്‍ തമ്മിലുള്ള ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ അക്രമങ്ങളിലേക്ക് മാറുന്നതിനെതിരെ പൊതുസമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.















