തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കേരളത്തില്‍ എന്‍.ഡി.എ വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പരമ്പരാഗത രാഷ്ട്രീയ കോട്ടകള്‍ തകര്‍ത്ത് പല മണ്ഡലങ്ങളിലും ബി.ജെ.പി അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വോട്ടെണ്ണലിന് മുന്നോടിയായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാര്‍ട്ടി അധ്യക്ഷന്‍ ആത്മവിശ്വാസം പങ്കുവെച്ചത്.
സംസ്ഥാനത്തെ പകുതിയിലധികം മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. പാര്‍ട്ടിയുടെ കരുത്തുറ്റ കേന്ദ്രങ്ങള്‍ക്ക് പുറമെ, അപ്രതീക്ഷിത മണ്ഡലങ്ങളിലും എന്‍.ഡി.എ വിജയിക്കുമെന്നാണ് താഴേത്തട്ടില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയത്തില്‍ മടുത്ത കേരളത്തിലെ വോട്ടര്‍മാര്‍ വികസനത്തിനായി ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ‘വികസിത കേരളം’ എന്ന പാര്‍ട്ടിയുടെ ലക്ഷ്യം മലയാളികള്‍ ഏറ്റെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.
ശബരിമലയിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഇടതുപക്ഷത്തിന്റെ പത്ത് വര്‍ഷത്തെ ഭരണപരാജയം, കോണ്‍ഗ്രസിന്റെ പ്രീണന നയങ്ങള്‍ എന്നിവ ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. മാസങ്ങളോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വലിയ മാറ്റമാണ് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നത് ഈ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം രാഷ്ട്രീയ ശക്തിയായി എന്‍.ഡി.എയെ കേരളം പൂര്‍ണ്ണമായും അംഗീകരിച്ചു കഴിഞ്ഞു. ‘ഇരു മുന്നണികളെയും കേരളത്തിന് മടുത്തു കഴിഞ്ഞു. പുതിയൊരു രാഷ്ട്രീയ മാറ്റത്തിനായി വോട്ട് ചെയ്തവര്‍ എന്‍.ഡി.എയെ പിന്തുണച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെയാണ് നാളത്തെ ജനവിധിയെ ഞങ്ങള്‍ നോക്കിക്കാണുന്നത്.’
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയത്തിലെ അപ്രമാദിത്വങ്ങള്‍ അവസാനിക്കുമെന്നും എന്‍.ഡി.എ നിര്‍ണ്ണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.















