തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്പായില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ കഠിനംകുളം സ്വദേശി ജിപ്സണ്‍ (32) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. മൂന്നാംഘട്ടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാലക്കാട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് അതിക്രമത്തിന് ഇരയായത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍, സ്ഥാപനത്തിലെത്തിയ യുവതിയെ ഇടപാടുകാരനായി എത്തിയ പ്രതി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മസാജിനായി മുറിയിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പ്രതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പായിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റം സ്ഥിരീകരിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിക്കെതിരെ പീഡനശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.















