കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നിയമസഭാ കക്ഷി നേതാവായും സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയായും സുവേന്ദു അധികാരിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെയാണ് ബംഗാളിന്റെ ഭരണസാരഥ്യം സുവേന്ദു അധികാരിയെ ഏല്‍പ്പിക്കുന്നതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചത്. ഈ വിജയത്തിലൂടെ ഇന്ത്യയുടെ സുരക്ഷാ മേഖലയിലെ പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബംഗാളിലെ ബിജെപി വിജയം വെറുമൊരു അധികാര കൈമാറ്റമല്ലെന്ന് അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഇതോടെ ഇല്ലാതാകുന്നത്.
അതിര്‍ത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും അവസാനിപ്പിക്കും. വര്‍ഷങ്ങളായി തുടരുന്ന കന്നുകാലി കടത്ത് ഇല്ലാതാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഓരോ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി രാജ്യത്തിന് പുറത്താക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തെ തൃണമൂല്‍ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച ഷാ, രാഷ്‌ട്രീയത്തിന്റെ കുറ്റവല്‍ക്കരണമാണ് ബംഗാളില്‍ നടന്നതെന്ന് ആരോപിച്ചു. ഗുണ്ടകളും കുറ്റവാളികളും രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് വന്നത് ബംഗാളിനെ തകര്‍ത്തു. ‘കട്ട് മണി’, സിന്‍ഡിക്കേറ്റ് രാജ് എന്നിവ അവസാനിപ്പിച്ച് ബംഗാളിനെ അഴിമതിമുക്തമാക്കും.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതോടെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ ഗുണ്ടായിസം അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കേന്ദ്ര പദ്ധതികള്‍ തടഞ്ഞുവെച്ച മുന്‍ സര്‍ക്കാരിന്റെ നടപടി വികസനത്തെ പിന്നോട്ടടിച്ചുവെന്ന് ഷാ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാര്‍ട്ടി ഭരിക്കുന്നതോടെ വികസന വേഗത വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കിഴക്കന്‍ ഇന്ത്യയുടെ വികസനം ഇനി ബിജെപിക്ക് കീഴില്‍ സുരക്ഷിതമാണ്. ഒഡീഷയും അസമും പോലെ ബംഗാളും ഇനി വികസനത്തിന്റെ പാതയിലായിരിക്കും.
പടിഞ്ഞാറന്‍ ഇന്ത്യയ്‌ക്കൊപ്പം കിഴക്കന്‍ മേഖലയും കുതിക്കും.’ സ്ത്രീ സുരക്ഷയ്‌ക്കും പൗരന്മാരുടെ അവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ‘സോനാര്‍ ബംഗ്ലാ’ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനം ബിജെപി ആവര്‍ത്തിച്ചു. കല, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ബംഗാളിന്റെ പഴയ പ്രതാപം തിരികെ കൊണ്ടുവരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.















