കൊച്ചി: അവയവദാനത്തിന്റെ മറവില്‍ നടന്ന വന്‍ സാമ്പത്തിക തട്ടിപ്പിലെയും രേഖകള്‍ ചമച്ച കേസിലെയും ഒന്നാം പ്രതി നജീബിനെ പോലീസ് പിടികൂടി. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നജീബിന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൃക്കയുള്‍പ്പെടെയുള്ള അവയവങ്ങള്‍ ആവശ്യമായി വരുന്ന രോഗികളില്‍ നിന്ന് 20 ലക്ഷം രൂപ വരെ ഈ സംഘം ഈടാക്കിയിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
എന്നാല്‍ അവയവം നല്‍കുന്ന ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രമാണ് നല്‍കിയിരുന്നത്. ബാക്കി വരുന്ന 11 ലക്ഷത്തോളം രൂപ നജീബും സംഘവും കൈക്കലാക്കുകയായിരുന്നു. നിയമവിരുദ്ധമായ ഇത്തരം ഇടപാടുകള്‍ക്ക് മറപിടിക്കാനായി ഔദ്യോഗിക രേഖകള്‍ വ്യാപകമായി വ്യാജമായി നിര്‍മ്മിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. അവയവക്കൈമാറ്റത്തിനുള്ള നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. കേസുമായി മുന്നോട്ട് പോകുന്നതിന് ജില്ലാ-സംസ്ഥാന സമിതികളില്‍ നിന്നോ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നോ ലഭിക്കുന്ന ഔദ്യോഗിക പരാതികള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്.
കേരളത്തിന് പുറത്തും ഈ മാഫിയയ്‌ക്ക് ശക്തമായ വേരുകളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ നജീബിനെ കൊച്ചിയിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ അന്തര്‍സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.















