ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ആഗോള ഊര്‍ജ്ജ വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യം വിദേശ നാണയ ശേഖരം കരുതണമെന്നും ഇന്ധന ഉപയോഗത്തില്‍ ജനങ്ങള്‍ മിതത്വം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി രാജ്യത്തെ അവശ്യവസ്തുക്കളുടെ ലഭ്യതയും ഊര്‍ജ്ജ സുരക്ഷയും വിലയിരുത്തി.
തിങ്കളാഴ്ച നടന്ന യോഗത്തില്‍ ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ആഭ്യന്തര വിപണിയില്‍ തടസ്സമില്ലാതെ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതായി രാജ്നാഥ് സിംഗ് അറിയിച്ചു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ആഗോള പ്രതിസന്ധി ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയ്‌ക്ക് സ്വന്തമായി വന്‍തോതില്‍ എണ്ണശേഖരമില്ലാത്തതിനാല്‍ പെട്രോളും ഡീസലും വിവേകപൂര്‍വ്വം ഉപയോഗിക്കണം.
കാര്‍ പൂളിംഗ്, മെട്രോ റെയില്‍ സേവനങ്ങള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണം. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. കോവിഡ് കാലത്തെപ്പോലെ വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണം. ഇത് അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാജ്യത്തെ വിദേശ നാണയ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്ക് അനാവശ്യമായ സ്വര്‍ണ്ണാഭരണ വാങ്ങലുകള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം.
കൊറിയര്‍ സേവനങ്ങള്‍ക്കും ചരക്ക് നീക്കത്തിനുമായി ബിസിനസ് സ്ഥാപനങ്ങള്‍ റെയില്‍വേയെ കൂടുതല്‍ ആശ്രയിക്കണം. സര്‍ക്കാര്‍ വിതരണ ശൃംഖല സുഗമമാക്കാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്‌ക്കും ഊര്‍ജ്ജ സുരക്ഷയ്‌ക്കും വേണ്ടിയുള്ള വലിയൊരു സന്ദേശമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുമെന്ന മുന്നറിയിപ്പോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കുന്നത്.















