തിരുവനന്തപുരം: ഭരണത്തലവനെ നിശ്ചയിക്കാനാവാതെ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ ഉഴലുമ്പോള്‍, പരിഹാസവുമായി ബിജെപി നേതൃത്വം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എവിടെ നില്‍ക്കുന്നതാണ് ബിജെപിക്ക് കൂടുതല്‍ ലാഭകരമെന്ന ചര്‍ച്ചാവിഷയമായ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനെ ട്രോളിയത്. ആദിത്യ ജക്കി എന്ന എക്‌സ് ഉപയോക്താവിന്റെ കുറിപ്പാണ് കേന്ദ്രമന്ത്രി പങ്കുവെച്ചത്.
‘കെ.സി. വേണുഗോപാല്‍ കേരളത്തില്‍ വരണമെന്ന് കേരള ബിജെപിയും, അദ്ദേഹം ഡല്‍ഹിയില്‍ തന്നെ തുടരണമെന്ന് ദേശീയ ബിജെപിയും ആഗ്രഹിക്കുന്നു’ എന്നതായിരുന്നു കുറിപ്പിന്റെ സാരം. ഇതിന് ‘ഇത് സത്യമാണോ എന്ന് തല്‍ക്കാലം സ്ഥിരീകരിക്കുന്നില്ല’ എന്ന രസകരമായ മറുപടിയാണ് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് എവിടെയായിരുന്നാലും അത് ബിജെപിക്ക് രാഷ്‌ട്രീയമായി ഗുണം ചെയ്യുമെന്ന ആത്മവിശ്വാസമാണ് ഈ പരിഹാസത്തിന് പിന്നില്‍.
കെ.സി. വേണുഗോപാല്‍ കേരളത്തില്‍ മുഖ്യമന്ത്രിയായാല്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങള്‍ പുതിയ തലത്തിലെത്തുമെന്നും, ഗ്രൂപ്പ് പോര് മൂലം യുഡിഎഫ് തകരുന്നതോടെ ബിജെപിക്ക് വലിയ രാഷ്‌ട്രീയ ഇടം ലഭിക്കുമെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയി കെ.സി തുടരുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ തളര്‍ത്താനേ ഉപകരിക്കൂ എന്ന് ദേശീയ ബിജെപി നേതൃത്വം വിശ്വസിക്കുന്നു. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരാഴ്ചയായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്ന് ബിജെപി ആരോപിക്കുന്നു.
ജനങ്ങളുടെ ആവശ്യങ്ങളേക്കാള്‍ അധികാര മോഹത്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിലെ ഈ അനിശ്ചിതത്വം സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നും ബിജെപി കുറ്റപ്പെടുത്തി.















