കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അധികാരമേറ്റതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രിയപ്പെട്ട പദ്ധതിയായിരുന്ന ‘വിശ്വ ബംഗ്ല’ ലോഗോ നീക്കം ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗികമായി നടപടി തുടങ്ങി. സംസ്ഥാനത്തെ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നും പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നും ഈ ലോഗോ മാറ്റി പകരം ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭം സ്ഥാപിക്കാനാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തീരുമാനം.
റീബ്രാന്‍ഡിംഗിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ഇടങ്ങളിലെല്ലാം മാറ്റങ്ങള്‍ പ്രകടമാണ്. സ്റ്റേഡിയത്തിലെ പ്രധാന സൈനേജുകളില്‍ നിന്ന് വിശ്വ ബംഗ്ല ലോഗോ മാറ്റി പകരം അശോക സ്തംഭം സ്ഥാപിച്ചു. സര്‍ക്കാരിന്റെ പ്രധാന വെബ് പോര്‍ട്ടലായ ‘എഗിയേ ബംഗ്ല’യില്‍ മാറ്റങ്ങള്‍ വരുത്തി. വെള്ള പശ്ചാത്തലത്തില്‍ അശോക സ്തംഭവും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ചിത്രവുമാണ് ഇപ്പോള്‍ പോര്‍ട്ടലിലുള്ളത്.
തൃണമൂല്‍ ഭരണകാലത്തെ വെള്ളയും നീലയും നിറങ്ങള്‍ക്ക് പകരം കാവി നിറത്തിലുള്ള ഗ്രാഫിക്‌സുകളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2013 സെപ്റ്റംബര്‍ 16-നാണ് മമത ബാനര്‍ജി ബംഗാളിന്റെ സാംസ്‌കാരിക വ്യക്തിത്വത്തിന്റെ പ്രതീകമായി ‘വിശ്വ ബംഗ്ല’ ബ്രാന്‍ഡ് അവതരിപ്പിച്ചത്. ബംഗാളി അക്ഷരമായ ‘ബ’ (ആ) ആസ്പദമാക്കി രൂപകല്‍പ്പന ചെയ്ത ഈ ലോഗോയ്‌ക്ക് റോയല്‍റ്റി ഈടാക്കാതെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താന്‍ അനുമതി നല്‍കിയതാണെന്ന് മമത ബാനര്‍ജി മുന്‍പ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഒരു വ്യക്തി രൂപകല്‍പ്പന ചെയ്ത ലോഗോ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐഡന്റിറ്റിയായി ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ദേശീയ ചിഹ്നമായ അശോക സ്തംഭമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഏറ്റവും ഉചിതമായ അടയാളമെന്നും അവര്‍ വ്യക്തമാക്കുന്നു. ഏതാണ്ട് 13 വര്‍ഷത്തോളം ബംഗാളിന്റെ പൊതുമുഖമായിരുന്ന വിശ്വ ബംഗ്ല ചിഹ്നം അപ്രത്യക്ഷമാകുന്നത് സംസ്ഥാനത്തെ ഭരണപരമായ ശൈലിയിലും രാഷ്‌ട്രീയത്തിലുമുണ്ടായ വലിയ മാറ്റത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.















