ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ സി.ബി.ഐക്ക് വീണ്ടും നിര്‍ണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്‌ട്രയിലെ പൂനെയിലുള്ള ‘സേത്ത് ഹീരാലാല്‍ സറഫ് പ്രശാല’യിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവില്‍ദാര്‍ ആണ് അറസ്റ്റിലായത്. പരീക്ഷാ നടത്തിപ്പ് പ്രക്രിയയിലെ സജീവ പങ്കാളിത്തം മൂലം ഫിസിക്‌സ് ചോദ്യപ്പേപ്പറുകള്‍ ഇവര്‍ക്ക് നേരിട്ട് ലഭ്യമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2026 ഏപ്രിലില്‍ ഇവര്‍ പരീക്ഷയുമായി ബന്ധപ്പെട്ട നിരവധി ഫിസിക്‌സ് ചോദ്യങ്ങള്‍ കേസിലെ മറ്റൊരു പ്രതിയായ മനീഷ മന്ധാരെയ്‌ക്ക് കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. മന്ധാരെയെ മെയ് 16-ന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മനീഷ ഹവില്‍ദാര്‍ ചോര്‍ത്തിനല്‍കിയ ചോദ്യങ്ങളും നീറ്റ് പരീക്ഷയ്‌ക്ക് യഥാര്‍ത്ഥത്തില്‍ വന്ന ഫിസിക്‌സ് ചോദ്യങ്ങളും തമ്മില്‍ വലിയ സാമ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ ശൃംഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഇവരെന്നാണ് സി.ബി.ഐ വിലയിരുത്തുന്നത്.
ഈ അറസ്റ്റോടെ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ആകെ പ്രതികളുടെ എണ്ണം 11 ആയി. ഡല്‍ഹി, ജയ്പൂര്‍, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂര്‍, അഹല്യനഗര്‍ എന്നീ നഗരങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.ബി.ഐ വ്യാപക റെയ്ഡുകള്‍ നടത്തിവരികയാണ്. പരിശോധനകളില്‍ പ്രധാനപ്പെട്ട രേഖകള്‍, ലാപ്‌ടോപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
ഈ തട്ടിപ്പ് ശൃംഖലയുടെ വ്യാപ്തി കണ്ടെത്താനും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവരെ തിരിച്ചറിയാനുമായി ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്ന് 2026 മെയ് 12-നാണ് സി.ബി.ഐ ഈ കേസ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. പരീക്ഷയ്‌ക്ക് മുന്‍പ് തന്നെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്നായിരുന്നു പരാതി.
കേസ് രജിസ്റ്റര്‍ ചെയ്തയുടന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സി.ബി.ഐ ഏകോപിത അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.















