ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ഗൗരവക്കാരായ നേതാക്കളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇന്ത്യ-യുഎസ് ബന്ധം ക്രമാനുഗതമായി ശക്തമാവുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ, ഡല്‍ഹിയിലെ യുഎസ് എംബസി സപ്പോര്‍ട്ട് അനെക്‌സ് കെട്ടിടത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം രൂപപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ പ്രാധാന്യം റൂബിയോ എടുത്തുപറഞ്ഞു. ‘ട്രംപിന്റെ ആദ്യ ഭരണകാലത്തെ ഇന്ത്യ സന്ദര്‍ശനത്തോടെ തുടങ്ങിയ വ്യക്തിബന്ധമാണിത്. അത് അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്തേക്കും തുടര്‍ന്നിരിക്കുന്നു. ഇരുവര്‍ക്കുമിടയിലെ ആത്മബന്ധം വ്യക്തമായി കാണാം. നേതാക്കള്‍ തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഹ്രസ്വകാല ലക്ഷ്യങ്ങളിലല്ല, മറിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളിലാണ് ഈ രണ്ട് ഗൗരവക്കാരായ നേതാക്കളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ റൂബിയോ പറഞ്ഞു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഒരു മണിക്കൂറിലധികം നീണ്ട ഉന്നതതല കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്. കൂടിക്കാഴ്ചയില്‍, പ്രസിഡന്റ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി മോദിയെ അദ്ദേഹം വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. മേഖലാ-ആഗോള സമാധാനവും സുരക്ഷയും, ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി മോദി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ ശേഷം മാര്‍ക്കോ റൂബിയോ നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ശനിയാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ ‘മദര്‍ ഹൗസ്’ സന്ദര്‍ശിച്ച ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഇന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.
നിലവിലുള്ള യുഎസ്-ഇറാന്‍ സംഘര്‍ഷവും അത് ആഗോള ഊര്‍ജ്ജ വിതരണത്തിലുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ നികുതിയുമായി ബന്ധപ്പെട്ട സമീപകാല വ്യാപാര തര്‍ക്കങ്ങളും ചര്‍ച്ചകളില്‍ പ്രധാനവിഷയമാകും. ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സുപ്രധാന നയതന്ത്ര നീക്കമായാണ് ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.















