കൊച്ചി: അധികാരത്തിലേറിയാല്‍ 10 മിനിറ്റില്‍ മുനമ്പം പ്രശ്നം പരിഹരിക്കുമെന്നു പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കേരളമാകെ പ്രതിഷേധമാളുന്നു. സതീശന്‍ അധികാരത്തിലെത്തി 10-ാം ദിനമായ മെയ് 27 ബുധനാഴ്ച (നാളെ) മുനമ്പം ജനത പന്തം കൊളുത്തി പ്രകടനം നടത്തും. നാളെ വൈകിട്ട് ആറിനു മുനമ്പം പുലിമുട്ടു പരിസരത്തുനിന്നു വേളാങ്കണ്ണി മാത പള്ളി വരെയാണ് പ്രകടനം.
വഖ്ഫ് ചെയര്‍മാന്‍ കള്ളം പറയുന്നു, വ്യാജ പ്രചാരണം നടത്തുന്നു. ഇതിനു മുഖ്യമന്ത്രി എല്ലാ ഒത്താശയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇരുവരുടെയും വഞ്ചന തുറന്നുകാട്ടിയാണ് പ്രക്ഷോഭം. വഖ്ഫ് ഭീകരതയ്‌ക്കെതിരേയുള്ള വേളാങ്കണ്ണി മാത പള്ളിക്കു സമീപത്തെ സമരം കൂടുതല്‍ ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചു. ഇനിയുള്ള പോരാട്ടം പുതിയ തലത്തിലേക്കു നീങ്ങുകയാണ്. മുനമ്പം ഭൂമി വഖ്ഫ് സ്വത്തായി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. വഖ്ഫ് ബോര്‍ഡ് വെല്ലുവിളിച്ചത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയുമാണ്, ഇവര്‍ പറയുന്നു.
യഥാര്‍ത്ഥ മുതവല്ലി (കൈവശക്കാരന്‍) ഫാറൂഖ് കോളജ് മുനമ്പത്തെ ഭൂമി വഖഫല്ലെന്നു പ്രഖ്യാപിച്ചതിനാല്‍ വഖ്ഫ് ബോര്‍ഡ് മുതവല്ലിയായി സ്വയം പ്രഖ്യാപിച്ചാണ് ഉമീദില്‍ വസ്തു രജിസ്റ്റര്‍ ചെയ്തത്. ഇത് അപലപനീയമാണ്. വ്യാജ രേഖ ചമച്ചാണ് ഇതു ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു.
മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രെജിസ്റ്റർ ചെയ്തതോടെ സമരം പുതിയ തലത്തിലേക്കും രൂപത്തിലേക്കും മാറുകയാണ്. സതീശന്റെ വഞ്ചന മുനമ്പം ജനത തിരിച്ചറിഞ്ഞതോടെ ഇക്കാര്യത്തില്‍ മറുപടി ഇല്ലാതായ കോണ്‍ഗ്രസ് വിഷമ വൃത്തത്തിലാണ്.















