ന്യൂഡൽഹി: എസ്ഐആർ ശരിവെച്ച സുപ്രീം കോടതി വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദി. കോൺഗ്രസിനും പ്രതിപക്ഷത്തിനും രാഹുലിനും സുപ്രീം കോടതിയിൽ നിന്നും സമ്പൂർണ്ണ പരാജയമാണുണ്ടായത്. രാഹുൽ രാഷ്‌ട്രീയമായും ഭരണഘടനാപരമായും ധാർമ്മികമായും പരാജയപ്പെട്ടെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് എസ്.ഐ.ആർ ശരിവച്ച് ഉത്തരവിറക്കിയത്. എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് കോടതി വിധിച്ചു. എസ്.ഐ.ആറിന് നിയമസാധുതയുണ്ടെന്നും വ്യക്തമാക്കി.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കാൻ വോട്ടർ പട്ടിക പുതുക്കുന്നത് അവിഭാജ്യമാണ്. ഇത് കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 16 പ്രകാരം വോട്ടർ പട്ടിക പരിഷ്കരിക്കാനും ഭേദഗതി ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എസ്.ഐ.ആര് ചട്ടങ്ങളിൽ ഉൾ പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ യുക്തിസഹമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി
നടപടിക്ക് നിയമസാധുതയും ഭരണഘടനാ സാധുതയുമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എസ്.ഐ.ആര്‍ ഭരണകൂട താല്‍പര്യം മുന്‍നിര്‍ത്തിയാണ് എന്ന വാദം ശരിയല്ല. ഭരണകൂട ഇടപെടലെന്ന വാദത്തിന് തെളിവുകളുടെ പിന്‍ബലമില്ല. വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ പൗരത്വത്തിലെ സംശയം തീര്‍ക്കാന്‍ കമ്മിഷന് അധികാരമുണ്ട്. പൗരന് അനുകൂലമായി വേണം ഇത് പരിഗണിക്കാന്‍. വ്യക്തിയുടെ വോട്ടവകാശത്തില്‍ സംശയമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ തീരുമാനമെടുക്കണം. അയോഗ്യരായവരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.















