കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഒരാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ അരുണ്‍, ആല്‍വിന്‍, സാബിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതിയായ അക്ബര്‍ അലി ഉള്‍പ്പെടെയുള്ള മറ്റ് ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കലൂരിലെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് പിടിയിലായവര്‍ എന്നാണ് വിവരം. കലൂര്‍ ജങ്ഷന് സമീപമുള്ള ചക്കാലപ്പാടം റോഡില്‍ വെച്ചായിരുന്നു സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലേമുക്കാലോടെയാണ് പരീക്ഷാ തയ്യാറെടുപ്പുകള്‍ നടത്തുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമമുണ്ടായത്. പുലര്‍ച്ചെ ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍. ഈ സമയത്ത് എട്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘവും അവിടെയെത്തി. പ്രതികളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ പെണ്‍കുട്ടികളോട് മുന്നോട്ട് നോക്കാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് ഒന്നാം പ്രതിയായ അക്ബര്‍ അലി പെണ്‍കുട്ടികള്‍ക്ക് നേരെ മോശം ലൈംഗിക ആംഗ്യം കാണിക്കുകയുമായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടികളും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അക്രമിസംഘം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ഒരു പെണ്‍കുട്ടിയെ റോഡിലിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളും പ്രതികളും തമ്മില്‍ മുന്‍പരിചയമൊന്നുമില്ലെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കി. ഒളിവിലുള്ള ഏഴുപ്രതികളെയും ഉടന്‍ തന്നെ പിടികൂടുമെന്നും ഒന്നാം പ്രതി അക്ബര്‍ അലിയുടെ ബിസിനസ് ഇടപാടുകളെക്കുറിച്ച് സംശയങ്ങളുണ്ടെന്നും ഇതിന്മേല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.















