ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലുള്ള ഫാസില്‍ നഗറിന്റെ പേര് മാറ്റാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഈ പ്രദേശത്തെ ഇനി മുതല്‍ ‘പാവഗഡ്’ എന്ന് വിളിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രാദേശിക എം.എല്‍.എ സമര്‍പ്പിച്ച നിവേദനം അംഗീകരിച്ചതായും, നമ്മള്‍ എന്തിനാണ് ഈ സ്ഥലത്തെ ഫാസില്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. ഖുഷിനഗറില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തുനിന്ന് ഗുണ്ടാമാഫിയകളെ അടിച്ചമര്‍ത്തിയതുപോലെ തന്നെ പ്രദേശത്തെ കടുത്ത ആരോഗ്യപ്രശ്‌നമായിരുന്ന മസ്തിഷ്‌കജ്വരത്തെയും (എന്‍സെഫലൈറ്റിസ്) പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി യോഗി പറഞ്ഞു. കൊതുകുകളും മാഫിയകളും ഒരേപോലെ നാടിനെ നശിപ്പിക്കുകയായിരുന്നു. കൊതുകുകള്‍ രോഗങ്ങള്‍ പരത്തിയപ്പോള്‍ മാഫിയകള്‍ തൊഴിലില്ലായ്മയാണ് സൃഷ്ടിച്ചത്. നിലവില്‍ ഈ രണ്ട് രോഗങ്ങള്‍ക്കും തങ്ങള്‍ ചികിത്സ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.
മുന്‍കാലങ്ങളില്‍ പദ്രൗണയിലുണ്ടായതുപോലെ ഉത്സവകാലങ്ങളില്‍ വലിയ തോതില്‍ കലാപങ്ങള്‍ പതിവായിരുന്നുവെന്നും അന്ന് നീതിക്കായി പോകുന്നവരെ ജയിലിലടയ്‌ക്കുന്ന സാഹചര്യമായിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പത്തുവര്‍ഷം മുന്‍പുള്ള ഖുഷിനഗറിലെ ദുരിതാവസ്ഥയെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 25 വയസ്സില്‍ താഴെയുള്ള ഇന്നത്തെ തലമുറയ്‌ക്ക് അക്കാലത്തെ ‘ജംഗിള്‍ പാര്‍ട്ടി’യുടെ ഭീകരതയെക്കുറിച്ച് അറിയില്ലായിരിക്കാം.
അന്ന് കര്‍ഷകര്‍ ആത്മഹത്യയുടെ അരികിലായിരുന്നു. തകര്‍ന്ന റോഡുകള്‍, വൈദ്യുതിയും വെള്ളവുമില്ലാത്ത അവസ്ഥ, തകര്‍ന്ന വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയായിരുന്നു ഖുഷിനഗറിന്റെ അവസ്ഥ. എന്നാല്‍ ഇന്ന് മാഫിയാ ഭരണത്തിന് അറുതിവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഖുഷിനഗറില്‍ നടന്ന ചടങ്ങില്‍ 424 കോടി രൂപ ചെലവ് വരുന്ന 278 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേന്ദ്ര-സംസ്ഥാന ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഖുഷിനഗറില്‍ മാത്രം പാവപ്പെട്ടവര്‍ക്കായി 90,000 വീടുകളും 3.14 ലക്ഷത്തിലധികം ശൗചാലയങ്ങളും നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.















