കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് കേരളത്തിലെത്തിയ പാലാ സ്വദേശിനിയെ എബോള വൈറസ് ബാധ സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരീക്ഷണം തുടരുന്നതെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. രോഗിയുടെ സ്രവ സാമ്പിളുകൾ വിശദ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്, പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് യുവതി കേരളത്തിലെത്തിയത്. എബോള ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള മേഖലയിലൂടെ യാത്ര ചെയ്തതിനാലാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രത്യേക നിരീക്ഷണത്തിലാക്കിയത്. നിലവിൽ പനി, രക്തസ്രാവം, ഛർദ്ദി, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവയൊന്നും രോഗിക്കില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി
സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. എബോള പോലുള്ള അതീവ ഗുരുതര വൈറസ് രോഗങ്ങളെ നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതൽ സംവിധാനങ്ങളും സംസ്ഥാനത്ത് ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പി.പി.ഇ. കിറ്റുകൾ, ഐസൊലേഷൻ വാർഡുകൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.















